Thursday, October 22, 2020

സ്കൂളിന്റെ ചരിത്രം

                                                    സ്കൂളിന്റെ ചരിത്രം

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രത്യേകതകളുള്ള വയനാടിന്റെ വിദ്യാഭ്യാസപരമായ പുരോഗതി കാര്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആദ്യകാലത്ത് എലിമെന്ററി സ്കൂളുകൾ മാത്രമായിരുന്നു നാട്ടിൽ ഉണ്ടായിരുന്നത് .1930-കളിൽ 3 ഹയർ എലിമെന്ററി സ്കൂളുകൾ വയനാട്ടിൽ ഉണ്ടായി. മാനന്തവാടി, വൈത്തിരി,കണിയാമ്പറ്റ എന്നിവ.

1930 ലാണ് വെള്ളമുണ്ടയിൽ എയ്ഡഡ് യുപി സ്കൂൾ സ്ഥാപിതമായത്. 1957ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ വിദ്യാഭ്യാസരംഗത്ത് ചരിത്ര പരമായ മാറ്റങ്ങൾ കൊണ്ടു വരുന്ന കാലം. കോഴിക്കോട് ഡി... യുടെ പേഴ്സൺ അസിസ്റ്റൻഡ് ആയ ശ്രീ.ടി.എ രാമസ്വാമി അയ്യർ സർവ്വേക്കായി വെള്ളമുണ്ടയിൽ വരുന്നു.

വെള്ളമുണ്ട എയുപി സ്കൂൾ ഹെഡ്മാസ്റ്റർ പി കെ നാരായണൻ നായർ, സീനിയർ അസിസ്റ്റൻറ് ആയ ശ്രീ എം കെ കേളു നമ്പ്യാർ എന്നിവർ ചേർന്ന് വെള്ളമുണ്ടയിൽ വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി ഫീഡർ സ്കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി അടയാളപ്പെടുത്തി. ഈ മാപ്പ് ഉൾപ്പടെ ശ്രീ രാമസ്വാമി അയ്യർ റിപ്പോർട്ട് ഗവൺമെൻറ് നൽകുകയും വെള്ളമുണ്ടയിൽ ഒരു ഹൈസ്കൂളിന് ശുപാർശ ചെയ്യുകയും ചെയ്തു.

1957 വെള്ളമുണ്ട യുപി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.സർക്കാരിൽ നിന്നു ലഭിച്ചിരുന്ന ഗ്രാൻഡ് കൊണ്ട് മാത്രം സ്കൂൾ നടത്തി കൊണ്ടുപോവുക എന്നത് വിഷമകരമാണ്. ആയതിനാൽ അപ്ഗ്രേഡ്ഷൻ സ്വീകരിക്കേണ്ട എന്ന തീരുമാനത്തിലെത്തിച്ചേരാൻ ശ്രീ വി കെ നാരായണൻ നായർ പ്രേരിപ്പിക്കപെട്ടു.എന്നാൽ ആവശ്യമായ സ്ഥലവും താൽക്കാലിക കെട്ടിടവും നൽകിയാൽ സ്കൂൾ ആരംഭിക്കാൻ കഴിയുമെന്ന് മാനേജരെയും അധ്യാപകരെയും വെള്ളമുണ്ട ആദ്യകാല സാമൂഹിക പ്രവർത്തകനായ ഇ കെ കെ മാസ്റ്റർ എന്ന അരീക്കരകുഞ്ഞികൃഷ്ണൻ നമ്പ്യാർ ബോധ്യപ്പെടുത്തി. അങ്ങനെ 1958 ജൂലൈ രണ്ടാം തീയതി 18 വിദ്യാർഥികളുമായി വെള്ളമുണ്ട ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ടഗവ.മോഡൽ ഹൈസ്‍കൂളെന്നുംപേരുകൾ മാറിവന്നു.

1898-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂൾ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സകൂളായി ഉയർന്നു. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു

. ഈ വിദ്യാലയത്തിന്റെ ഒരു ബ്രാഞ്ച് തരുവണ ഗവ. യുപി സ്കൂളിൽ ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ആ കാലയളവിൽ കൊടുവള്ളി എംഎൽഎയും ഗവൺമെൻറ് ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടിയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ തുടങ്ങാൻ കഴിഞ്ഞത്.

62വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 875 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 791 വിദ്യാർത്ഥികളും പഠിക്കുന്നു. 25 ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി ,എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 35 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു.

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.

വിജയശതമാനം ഉയർത്തുന്നതിന് എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന പഠനക്യാമ്പുകൾ നടത്തി വരുന്നു.

സ്കൂളിലെ 45 ക്ലാസ് മുറികളിലും ലാപ്‍ടോപ്പ്,പ്രൊജക്ടർ,സ്പീക്കർ,പ്രൊജക്ടർ സക്രീൻ എന്നീ ഹൈടെക് സംവിധാനങ്ങളുണ്ട് എന്നത് അഭിമാനകരമാണ്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്.

എൻ എസ് എസ് ,സ്കൗട്ട് ആന്ഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്,സ്റ്റുഡൻറ് പോലീസ് കേഡറ്റ്, ഹരിതസേന, വിദ്യാരംഗം, ശാസ്ത്ര ക്ലബ്ബ്, ട്രാഫിക് ക്ലബ്, ഹിന്ദി ക്ലബ്ബ്, തുടങ്ങിയവയെല്ലാം സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. പൊതുവിദ്യാലയങ്ങൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്തു തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്തു മുന്നേറാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുകയാണ്.

No comments:

Post a Comment